ഓർമകളിലെ കാലിച്ചായ വൈകുന്നേരം തീരെ പതിവില്ലാതെ അടുക്കളയിലെ അടച്ചു വച്ച പാത്രങ്ങളിൽ പരതിയപ്പോൾ കണ്ടെത്തിയ തണുത്തു വിറങ്ങലിച്ച കട്ടൻ ചായ ഒരു ചില്ലു ഗ്ലാസിൽ പകർന്നെടുത്തു പതിയെ മുറ്റത്തേക്ക് ഇറങ്ങി. ഒരിറക്കു ഉള്ളിലേക്ക് എത്തുമ്പോൾ രസമുകുളങ്ങൾ എന്നോ ഉപേക്ഷിച്ചു പോയ യജമാനനെ കണ്ട ശ്വാനനെപ്പോലെയായി. പണ്ട് വിരുന്നുകാരിയായി അമ്മ വീട്ടിൽ എത്തുമ്പോൾ അമ്മൂമ്മ പകർന്നു തരുന്ന അതേ മധുരം. ഞങ്ങളെത്തുന്ന ദിവസം അതിരാവിലെ തന്നെ തയ്യാറാക്കി ചൂടാറാതിരിക്കാൻ തെർമൽ ഫ്ലാസ്കിലാക്കി വയ്ക്കുന്ന വെറും ചായയുടെ ബാക്കി ഇത്തിരി സ്റ്റീൽ ജഗ്ഗിലും ഇടം പിടിച്ചിട്ടുണ്ടാകും. ഇനി വിരുന്നുകാരെത്തിയാലോ വണ്ടിയിൽ നിന്നിറങ്ങി പാലം കയറി ഓടി പോകുന്നതും അടുക്കളയിലേക്ക് തന്നെ. അപ്പോൾ മാത്രം, ആ അടുക്കളയിൽ മാത്രം, പൊതുവെ ചായ പ്രിയ അല്ലാത്ത എന്നെ അന്നും ഭ്രമിപ്പിച്ചിരുന്നത് ആ സ്റ്റീൽ ജഗ്ഗിലെ ആറിതണുത്ത കാലിചായയായിരുന്നു. മറ്റെവിടെന്നും ഇന്നോളം കടുപ്പമേറിയ, നുറുങ്ങു വിശേങ്ങളുമായി അടുക്കള തിണ്ണയിലിരുന്നു നുകർന്ന ആ സ്വാദറിഞ്ഞിട്ടില്ല. പക്ഷെ നിനച്ചിരിക്കാതെ അതിന്നെന്നെ തേടി വന്നിരിക്കുന്നു... ചെമ്മണ്ണിന്റ...