"അവരൊക്കെ വായിൽ സ്വർണ്ണക്കരണ്ടിയുമായി പിറന്നവരാണ്.ഞാനങ്ങനെയല്ല ഞാൻ സമൂഹത്തിന്റെ അടിത്തട്ടുകളിൽ നിന്നു വന്നവനാണ്.അതെന്താ മനസിലാക്കാത്തത്?ഒരാൾ എഴുതുന്നത് അയാളുടെ അനുഭവങ്ങളാണ്.എന്റെ അനുഭവങ്ങൾ അങ്ങനെ ആയിരുന്നു.ഒരു കുണ്ഠിതമേ എനിക്കുള്ളൂ.എനിക്കെഴുതി വെക്കാൻ കഴിയുന്നത് എന്റെ അനുഭവങ്ങളുടെ ചാരം മാത്രമാണ്.പാരീസിലിരുന്നു റഷ്യൻ സ്വപ്നങ്ങൾ കാണുന്ന തുർഗ്ഗനേവിന്റെയും കൗണ്ടിന്റെയും അല്ലെങ്കിൽ ആരുടെയും ഭാഗ്യങ്ങളിൽ എനിക്കസൂയയില്ല. എന്റെ ദൗർഭാഗ്യങ്ങളെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. അന്നക്കറിയാമോ, എനിക്കുറപ്പുണ്ട്,മനുഷ്യനെന്ന കടംകഥയുടെ രഹസ്യമന്വേഷിക്കുന്നവർ ഒടുവിൽ എന്റെ കാൽപ്പാടുകൾ നോക്കി വരും"
എത്ര അർത്ഥവത്തായ വരികളാണ്. സ്വന്തം ജീവിതത്തെ എത്ര മനോഹരമായാണ് അദ്ദേഹം ഇതിൽ നിർവചിച്ചിരിക്കുന്നത്. എന്നെ വല്ലാതകർഷിച്ച മറ്റൊരു രംഗം കൂടിയുണ്ട്. നിശയുടെ നിശ്ശബ്ദതയിൽ വിരിഞ്ഞ, പതിഞ്ഞ താളത്തിലൊഴുകുന്ന ചില സംഭാഷണ ശകലങ്ങൾ.
"കുറേനാൾ മുമ്പാണ്, ഞാനെന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു.
ഇപ്പോൾ ഓർക്കുന്നില്ല അതെവിടെയാണെന്ന്.
എവിടെയെങ്കിലും കിടന്ന് നിനക്ക് കിട്ടിയോ അത്?
എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്..."
ഇവയെ എങ്ങനെ ആണ് വിശേഷിപ്പിക്കേണ്ടത്. വാക്കുകൾ കൊണ്ട് അപ്രാപ്യം! ഫയോദറിന്റെ മാനസികവ്യാപാരങ്ങളെ ഇത്രകണ്ട് ഉള്ളറിഞ്ഞെഴുതാൻ പെരുമ്പടവത്തിനു സാധിക്കുന്നതെങ്ങനെ എന്നോർത്തു അത്ഭുതം തോന്നിപോയിട്ടുണ്ട്.
അന്നയുടെയും ദസ്തവയെസ്കിയുടെയും ജീവിതം ഓർമ്മപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്- സ്നേഹം, അത് പണത്തിനോ കുലത്തിനോ ജാതിക്കോ മതത്തിനോ പ്രായത്തിനോ ശരീരത്തിനോ മനസ്സിനോ ഒക്കെ അപ്പുറമാണ്!
"സ്നേഹം അങ്ങനെയുമുണ്ട്. ഏതു മുറിവും സഹിച്ചുകൊണ്ട് . ഏതവമാനവും സഹിച്ചുകൊണ്ട്. ചിലപ്പോൾ ഒരിക്കലും തിരിച്ചുകിട്ടുകയില്ലെന്നറിഞ്ഞുകൊണ്ട്. ഒരു സങ്കീർത്തനം പോലെ."
- (ഒരു സങ്കീർത്തനം പോലെ.)
🔥🔥💯💯
ReplyDelete