ബസ് നീങ്ങിത്തുടങ്ങിയപ്പോൾ സീറ്റിലിരിക്കാൻ തത്രപ്പെടുന്ന ഒരു കുഞ്ഞിപ്പെൺകുട്ടി അതായിരുന്നു എനിക്കാദ്യം സോന. കൗതുകത്തോടെ ജനലോരത്തേക്ക് നോക്കിയിരിക്കുന്ന ആ കുഞ്ഞിപെണ്ണിനെ കണ്ടപ്പോൾ പേര് ചോദിക്കാതിരിക്കാനായില്ല. "സോന" എന്നവൾ മധുരമായി പറഞ്ഞു. അപ്പോഴേക്കും മുന്നിൽ വന്ന കണ്ടക്ടറിന് 20 രൂപ നീട്ടി ടിക്കറ്റും വാങ്ങി മിടുക്കി. കണ്ട എനിക്കാകെ സംശയമായി, കുഞ്ഞിനെ അയാൾ പത്തിന് പകരം ഇരുപതു വാങ്ങി പറ്റിച്ചോ. ആ സംശയത്തോടെ അവളോട് എവിടെയാ ഇറങ്ങുന്നെ എന്നു ചോദിക്കുന്നതിനിടയിൽ തഞ്ചത്തിൽ ടിക്കറ്റിലേക്കൊന്നു പാളി നോക്കി. രണ്ടു പേരോ? ഇടം പറഞ്ഞ അവളോട് പിന്നേയും കൂടെ വേറെ ആരാ എന്നു ചോദിക്കുമ്പോൾ ഉത്തരമറിയാൻ എനിക്കാകെ തിടുക്കമായി."ചേട്ടനുണ്ട് പുറകിൽ" ചേട്ടനെ ചൂണ്ടിക്കാട്ടി അപ്പോഴേക്കും സോന. അവളുടെ നിറഞ്ഞ ചിരി... ആർക്കും വാത്സല്യം തോന്നിപ്പോകുന്ന ചിരി. അന്നു ബസ് ഇറങ്ങുന്നതുവരെ പിന്നെയും പങ്കിട്ടു ചില വിശേഷങ്ങൾ ...അഞ്ചാം ക്ലാസ്സിലെ സോനയുടെയും പത്താം ക്ലാസ്സിലെ ചേട്ടന്റെയും വിശേഷങ്ങൾ!
രണ്ടു ദിവസങ്ങൾക്കിപ്പുറം അവിചാരിതമായി ഒരു ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ സോനയുണ്ടായിരുന്നു... മുഷിഞ്ഞു പോയ യൂണിഫോമിലും പാറിപ്പറന്ന തലമുടിയിലും പോലും ആ കുഞ്ഞെന്തു സുന്ദരിയായിരുന്നു. ചേട്ടനോട് കെഞ്ചി പുളി മിഠായി വാങ്ങുകയാണവൾ. സോനയല്ലേ? എന്ന ചോദ്യത്തിന് തിരിഞ്ഞു നോക്കിയവൾ മനോഹരമായി പുഞ്ചിരിച്ചു. അവളുടെ ആ ചിരി... എനിക്കാകെ സന്തോഷത്തിന്റെ വീർപ്പുമുട്ടൽ. ധൃതിപ്പെട്ടു ബാഗ് തുറന്ന് കൈയിൽ കരുതിയ ചോക്ലേറ്റ് സോനക്കും ചേട്ടനുമായി വീതിക്കുമ്പോൾ അത് ഇരട്ടിച്ചു.
"ബർത്ഡേ ആണോ?" ചേട്ടനെന്നോട് തിരക്കി. അല്ല, വെറുതെ എന്നു പറഞ്ഞപ്പോൾ അവനാകെ സംശയം. ഞാനേ സോനയുടെ ഫ്രണ്ടാണേ,അതുകൊണ്ട് തന്നതാ ചോക്ലേറ്റ് എന്നു പറഞ്ഞപ്പോൾ സോനയുടെ കണ്ണിലൊരു നക്ഷത്രം മിന്നി.സ്ഥിരം പ്രൈവറ്റ് ബസ് വന്നപ്പോൾ അവളുടെ കൈയ്യും വലിച്ചോടാൻ എനിക്കൊട്ടും അമാന്തിക്കേണ്ടി വന്നില്ല. കിട്ടിയ രണ്ടു സീറ്റിലായി ഞങ്ങൾ രണ്ടും ഒതുങ്ങിക്കൂടി. ഭീമാകാരനായ ഒരു ബാഗും കൂടെ ലഞ്ചു ബാഗുമായി ഇരിക്കാൻ ബുദ്ധിമുട്ടുന്നവളെ കണ്ട് അസ്വസ്ഥമാകുന്ന ഞാൻ എനിക്കു തന്നെ അത്ഭുതമായി. അടുത്തിരുന്ന ആൾ എഴുന്നേറ്റതും ഞാൻ സോനയെ കൈകാട്ടി, അവളോടി വന്നെന്റെ അടുക്കലിരുന്നു. ആ ഭാരംനിറഞ്ഞ ബാഗ്ഗെന്റെ മടിയിൽ ഇടം പിടിച്ചു. പിന്നെ ഞാൻ ഇറങ്ങുന്നത് വരെയും വിശേഷങ്ങളായിരുന്നു. അമ്മയും സോനയും ചേട്ടനുമുള്ള വീട്ടിലെ വിശേഷങ്ങൾ... ടീച്ചർ ആകാൻ കൊതിക്കുന്ന സോനയുടെ വിശേഷങ്ങൾ... കൻസെഷൻ കിട്ടിയാൽ ksrtc ഇൽ പോകാൻ പോകുന്ന സോനയുടെ വിശേഷങ്ങൾ... ഒരു പത്തു വയസ്സുകാരിയിൽ നിന്നും എത്രയോ പക്വതയോടെയാണ് അവളോരോന്നും പറയുന്നത്. ആർക്കാണ് അവളോട് സ്നേഹം തോന്നാത്തത്.
പിറ്റേന്ന് ഞാൻ കുറച്ചു ചോക്ലേറ്റ് ബാഗിൽ നിറച്ചു. ഇന്നെന്തായാലും സോനയെ കാണണം, ഇതൊക്കെ കൊടുക്കണം. പക്ഷെ സ്ഥിരം വരുന്ന പ്രൈവറ്റ് ബസ് അന്ന് കണ്ടില്ല. നേരമൊരുപാട് വൈകിയപ്പോൾ കിട്ടിയ ബസ്സിൽ വലിഞ്ഞു കേറിയൊരു സീറ്റ് ഒപ്പിച്ചു. സോനയുടെ സ്റ്റോപ്പ് എത്താനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. അവൾ അവിടെയുണ്ടായിരുന്നു. സ്റ്റുഡന്റ് കൺസെഷനുള്ള സ്ഥിരം പ്രൈവറ്റ് ബസ് വൈകുന്നതിൽ ആശങ്കപ്പെട്ടു... ചേട്ടനോട് വിഷമം പറഞ്ഞു... വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്ന സോന! വിളിക്കാൻ നോക്കിയെങ്കിലും ബസ്സിലെ തിരക്കിൽപ്പെട്ടന്റെ ശ്രമം വിഫലമായി. അപ്പോഴും ബസ്സിന്റെ വിടവിലൂടെ കാണാമായിരിന്നു നിരാശയോടെ നിരത്തിലേക്കു ബസ് നോക്കി നിൽക്കുന്ന സോനയെ. ഇനി കാണുമോ എന്നറിയില്ലെങ്കിലും ആ ചോക്ലേറ്റ് ഞാനനെന്റെ ബാഗിൽ ഭദ്രമാക്കി... നാളെ സോനയെ കണ്ടാലോ...
അന്നെന്റെ മനസ്സ് നിറയെ സോനയായിരുന്നു. തന്നെക്കാൾ വലിയ ബാഗുമായി ബസ്സിലിരിക്കുന്ന സോന!ടീച്ചറാകാൻ കൊതിക്കുന്ന സോന! കണ്ണിൽ നക്ഷത്രവുമായി ചിരിക്കുന്ന കുഞ്ഞു സോന!
❤️❤️
ReplyDelete💕
Delete♥️♥️❣️
ReplyDelete💕
DeleteNice one , chechi
ReplyDeleteThanks da💕
Delete