ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച എഴുത്തുകാരന്‍ എം.മുകുന്ദന്റെ ശ്രദ്ധേയമായ കൃതികളിലൊന്നാണ് ഒരു ദളിത് യുവതിയുടെ കദനകഥ. വളരെ യാദൃശ്ചികമായി MTTC ലൈബ്രറിയിൽ എന്റെ കണ്ണിലുടക്കിയ ഈ പുസ്തകം രണ്ടു രാവുകളിലെ എന്റെ ഉറക്കം നഷ്ടപ്പെടുത്തുമെന്നു തീരെ ഓർത്തില്ല. കലയെ കലയായി കാണാന്‍ സാധിക്കാതെ വരുന്ന നമ്മുടെ സമൂഹത്തിന്റെ സദാചാരബോധത്തിന് നേരെയുള്ള ഒരു കണ്ണാടിയാണ് ഈ നോവല്‍. കാലികപ്രസക്തമായ ഈ കഥ വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ ഭാവനയില്‍ കണ്ട എഴുത്തുകാരന്റെ ദീര്‍ഘവീക്ഷണം പ്രശംസനീയമാണ്. ആഖ്യാന രീതിയിൽ വളരെയേറെ പുതുമകൾ നിറഞ്ഞ ഒരു രചനയാണിത്. നാരായണന്റെ കണ്ണിലൂടെ, ഗോകുലിലൂടെ, പിന്നെ ജാവേദിലൂടെ - അങ്ങനെ പല കഥാപാത്രങ്ങളും ആഖ്യാതാക്കളാവുന്നു. പല കോണുകളിലൂടെയാണ് കഥ നീങ്ങുന്നത്. കഥാപാത്രങ്ങളുടെ മാനസികതയെ മനസ്സിലാക്കുവാനും അവന്റെ കണ്ണിലൂടെ ലോകത്തെ കണ്ട് മനസ്സിലാക്കുവാനും വായനക്കാരനു ഇതിലൂടെ സാധിക്കുന്നു. കഥയിൽ പൂർണമായി മുങ്ങിക്കിടക്കുവാൻ ഇവിടെ വായനക്കാരന് പറ്റുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ രാധിക. കരീം ബോയിയുടെ നാടകത്തില്‍ നഗ്‌നയായി അഭിനയിക്കാന...