ബസ് നീങ്ങിത്തുടങ്ങിയപ്പോൾ സീറ്റിലിരിക്കാൻ തത്രപ്പെടുന്ന ഒരു കുഞ്ഞിപ്പെൺകുട്ടി അതായിരുന്നു എനിക്കാദ്യം സോന. കൗതുകത്തോടെ ജനലോരത്തേക്ക് നോക്കിയിരിക്കുന്ന ആ കുഞ്ഞിപെണ്ണിനെ കണ്ടപ്പോൾ പേര് ചോദിക്കാതിരിക്കാനായില്ല. "സോന" എന്നവൾ മധുരമായി പറഞ്ഞു. അപ്പോഴേക്കും മുന്നിൽ വന്ന കണ്ടക്ടറിന് 20 രൂപ നീട്ടി ടിക്കറ്റും വാങ്ങി മിടുക്കി. കണ്ട എനിക്കാകെ സംശയമായി, കുഞ്ഞിനെ അയാൾ പത്തിന് പകരം ഇരുപതു വാങ്ങി പറ്റിച്ചോ. ആ സംശയത്തോടെ അവളോട് എവിടെയാ ഇറങ്ങുന്നെ എന്നു ചോദിക്കുന്നതിനിടയിൽ തഞ്ചത്തിൽ ടിക്കറ്റിലേക്കൊന്നു പാളി നോക്കി. രണ്ടു പേരോ? ഇടം പറഞ്ഞ അവളോട് പിന്നേയും കൂടെ വേറെ ആരാ എന്നു ചോദിക്കുമ്പോൾ ഉത്തരമറിയാൻ എനിക്കാകെ തിടുക്കമായി."ചേട്ടനുണ്ട് പുറകിൽ" ചേട്ടനെ ചൂണ്ടിക്കാട്ടി അപ്പോഴേക്കും സോന. അവളുടെ നിറഞ്ഞ ചിരി... ആർക്കും വാത്സല്യം തോന്നിപ്പോകുന്ന ചിരി. അന്നു ബസ് ഇറങ്ങുന്നതുവരെ പിന്നെയും പങ്കിട്ടു ചില വിശേഷങ്ങൾ ...അഞ്ചാം ക്ലാസ്സിലെ സോനയുടെയും പത്താം ക്ലാസ്സിലെ ചേട്ടന്റെയും വിശേഷങ്ങൾ! രണ്ടു ദിവസങ്ങൾക്കിപ്പുറം അവിചാരിതമായി ഒരു ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ സോനയുണ്ടായിരുന്നു... മുഷിഞ്ഞു പോയ യ...