ഐക്യരാഷ്ട്രസഭ(UNHCR-United Nations High Commissioner for Refugees) ജൂൺ 20നാണ് അന്താരാഷ്ട്ര അഭയാർത്ഥി ദിനമായി ആചാരിക്കുന്നത്.സ്വന്തം നാട്ടിൽ നിന്ന്, സംഘർഷത്തിൽ നിന്നോ പീഡനങ്ങളിൽ നിന്നോ രക്ഷപ്പെടാൻ പലായനം ചെയ്യാൻ നിർബന്ധിതരായവർക്കുള്ള ഐക്യപ്പെടലാണ് ഈ ദിനം. ലോക അഭയാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള സഹാനുഭൂതിയും അവരുടെ അവകാശങ്ങൾ, ആവശ്യങ്ങൾ, സ്വപ്നങ്ങൾ എന്നിവ ചർച്ചയാക്കുവാനും പരിരക്ഷ ഉറപ്പാക്കുവാനുമുള്ള കർമ്മ പദ്ധതികളുടെ ആവിഷ്കാരം കൂടിയാണ് ഈ ദിനം. ഇതിലൂടെ അഭയാർഥികൾക്ക് അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും അഭയാർഥികളുടെ ജീവിതം പരിരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ഇത്തരം അന്താരാഷ്ട്ര ദിനങ്ങളിൽ ആഗോള ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.
ലോകം ഇന്ന് നേരിടുന്ന ഒരു വലിയ വെല്ലുവിളി ആണ് പാലായനവും അഭയാർത്ഥി പ്രശ്നങ്ങളും. സ്വന്തം രാജ്യത്തു സമാധാനവും സുരക്ഷയും ഇല്ലാതെ വരുമ്പോൾ നാടും വീടും ഉപേക്ഷിച്ചു സമാധാനമുള്ള, സാമ്പത്തിക ഭദ്രതയുള്ള മറ്റൊരു രാജ്യത്തെക്കുള്ള പറിച്ചു നടലാണ് ശെരിക്കും പാലായനം. അഭയാർത്ഥി പ്രതിസന്ധിയെപ്പറ്റി പറയുമ്പോൾ നമ്മുടെ ഉള്ളിൽ ഓടി വരുന്ന ഒരു ചിത്രമുണ്ട്. 2 വയസ്സുകാരൻ അലൻ കുർദിയുടെ ചിത്രം. 2015 ഇൽ പുറത്തു വന്ന ആ ചിത്രം ആണ് അഭയാർത്ഥി വിഷയങ്ങളെ പറ്റി ഗൗരവമായി ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത്. എന്നെ മാത്രമല്ല, ഒരുപക്ഷേ നിങ്ങളിൽ പലരെയും. ആ സംഭവത്തിനു 7 വര്ഷങ്ങൾക്കിപ്പുറവും സ്ഥിതിഗതികളിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. രോഹിൻഗ്യകൾ നേരിടുന്ന പ്രശ്നങ്ങൾ ഒക്കെ നമ്മൾ കേൾക്കുന്നതുമാണ്. ശ്രീലങ്കയിൽ നിന്നു ആളുകൾ കൂട്ടമായി ഇന്ത്യയിലേക്ക് വരുന്ന വാർത്ത നാം കാണുന്നുണ്ട്. പലപ്പോഴും സുരക്ഷ പ്രശ്നം മുൻനിർത്തി ഇവരെ അവഗണിക്കേണ്ടി വരുന്നത് കാണുമ്പോൾ വേദനയാണ്. സ്വന്തം സമ്പാദ്യങ്ങളും സ്വത്തും എല്ലാം ഉപേക്ഷിച്ചു ജീവനും കൈയിൽ പിടിച്ചു വരുന്നവരുടെ നേരെ കണ്ണടയ്ക്കേണ്ടി വരുന്ന അവസ്ഥ തീർത്തും നിസ്സഹായമാണ്.
പുറം രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യം മാറ്റിനിർത്തയിട്ടു ഇന്ത്യ എന്ന രാജ്യത്തെ നോക്കിയാൽ, സ്വന്തം രാജ്യത്ത് അഭയാർഥികളായി ജീവിക്കുന്ന ഒരുപാട് പേരില്ലേ നമുക്കു ചുറ്റും?? അവകാശങ്ങൾ ഇല്ലാത്ത, അവകാശങ്ങളെ പറ്റി ബോധ്യമില്ലാത്ത സ്വന്തം നിലനിൽപ്പോർത്തു ആശങ്കപ്പെടുന്ന എത്ര എത്രയാളുകളെ നമ്മുടെ ചുറ്റുപാടിലും കാണാൻ കഴിയും. മാറ്റം വരേണ്ടത് നമ്മളിലാണ്, നമുക്കാണ്.
അഭയാർഥികളെയോർത്തു സഹതാപിക്കുമ്പോൾ ഇതിനു പിന്നിൽ കാരണങ്ങളെപ്പറ്റി കൂടി ചിന്തിക്കണം. അതിലുള്ള നമ്മുടെ പങ്ക് എന്താണെന്ന് തിരിച്ചറിയാൻ ശ്രമിക്കണം.
ലോക അഭയാർത്ഥി ദിനം-ചരിത്രം
June 20 - ലോക അഭയാർത്ഥി ദിനം.
2000 ഡിസംബർ 4-നാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ജൂൺ 20-ന് ലോക അഭയാർത്ഥി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. തുടർന്ന്, ചരിത്രത്തിലാദ്യമായി 2001 ജൂൺ 20-ന് ലോക അഭയാർത്ഥി ദിനം ആചരിച്ചു. അതേ വർഷം തന്നെ, അഭയാർത്ഥികളുടെ സംരക്ഷണത്തെക്കുറിച്ച് ചർച്ച ചെയ്ത 1951-ലെ അഭയാർത്ഥി കൺവെൻഷന്റെ (Refugee Convention) 50-ാം വാർഷികവും ആഘോഷിച്ചു.
2022 ലെ അഭയാർത്ഥി ദിനത്തിന്റെ ആശയം ഇങ്ങനെയാണ്- 'ആരായാലും, എന്തായാലും, എപ്പോൾ വേണമെങ്കിലും. സുരക്ഷ തേടാൻ എല്ലാവർക്കും അവകാശമുണ്ട് '
('Whoever, Whatever, Whenever. Everyone has a right to seek safety.')
ഇന്നേ ദിവസം കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ഒരു സിനിമ പ്രദർശനത്തിൽ പങ്കെടുത്തു. ചാർളി ചാപ്ലിൻന്റെ 'The Immigrant' എന്ന ചിത്രം.
വെറും 30 മിനുറ്റ് ദൈർഘ്യമുള്ള ചിത്രം പകർന്ന് തന്നതിരിച്ചറിവുകൾ അനേകമായിരിന്നു. അഭയാർത്ഥികളെയും കൊണ്ടു അമേരിക്കയിലേക്ക് പോകുന്ന ഒരു ആവിക്കപ്പലിലെ ദൃശ്യങ്ങൾ, അവിടെ എത്തിയതിനു ശേഷം അവർ നേരിടുന്ന പ്രശ്നങ്ങൾ ഒക്കെ രസകരമായി അവതിരിപ്പിച്ചിട്ടുണ്ട് ഇതിൽ. ചാപ്ലിന്റെ അഭിനയമികവും സംവിധാന നൈപുണിയും ചിത്രത്തെ മികച്ചതാക്കുന്നു. ചിരിയും ചിന്തയും ഒരുപോലെ പകർന്നു സാമൂഹിക വിഷയങ്ങൾ പ്രതിഫലിപ്പിക്കാനുള്ള ചാപ്ലിന്റെ കഴിവ് ഏറെ പ്രശസ്തമായ ഒന്നാണല്ലോ!
ചില രംഗങ്ങൾ നമ്മെ വല്ലാതെ ചിരിപ്പിക്കുമെങ്കിലും അവ മുന്നോട്ട് വയ്ക്കുന്ന ചില ആശയങ്ങളുണ്ട്, തിരിച്ചറിവുകളുണ്ട്, വേദനകളുണ്ട് എല്ലാത്തിനും ഉപരിയായി ചില പ്രത്യാശകളുണ്ട്. അതുകൊണ്ടാണ് 1917 ഇൽ ഒന്നാം ലോകമഹായുദ്ധകാലത് നിർമിച്ച ഈ ചിത്രം ഇന്നും അത്രയേറെ പ്രസക്തമാകുന്നതും!
Comments
Post a Comment