രണ്ടാം ലോക മഹായുദ്ധം അതിന്റെ എല്ലാ തീവ്രതയോടുകൂടിയും നിറഞ്ഞാടുന്ന സമയം. കൂട്ടുശക്തികളായ ഇറ്റലിയും ജർമനിയും തളർന്നിട്ടും പോരാടുന്ന ജപ്പാനെ തകർക്കാനായി അമേരിക്ക പദ്ധതികൾ നെയ്തു.
1945 ആഗസ്റ്റ് 6 തിങ്കളാഴ്‌ച രാവിലെ 8.15, ഹിരോഷിമായിലെ ജനങ്ങൾ ഉറക്കമുണർന്നത് ഒരു സ്ഫോടന ശബ്ദം കേട്ടാണ്, അമേരിക്കയുടെ അണുബോംബ് ഹിരോഷിമയെ തകർത്തെറിഞ്ഞ ശബ്ദം കേട്ട്!
അമേരിക്കയുടെ അണ്വായുധ പദ്ധതിയായ മാൻഹട്ടൻ പ്രോജ്കറ്റിന്റെ ഭാഗമായുണ്ടാക്കിയ 'ലിറ്റിൽ ബോയ്' എന്ന അണുബോംബ് അതിന്റെ കർമം ഭംഗിയായി നിർവഹിച്ചു. ജപ്പാനിലെ ഹിരോഷിമ ചിന്നിച്ചിതറി. അനേകം നിരപരാധികൾ തൽക്ഷണം മരിച്ചു. പൊള്ളിപ്പിടഞ്ഞ ജനങ്ങൾ ആശ്വാസത്തിനായി നീരുരവകളിലേക്കു എടുത്തു ചാടി, എന്നാൽ കരയേക്കാളും ചൂടിൽ തിളച്ചുമറിയുന്ന ജലം അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ആക്രമണത്തിൽ മരിക്കാത്തവരുടെ അവസ്ഥയായിരുന്നു ഏറെ കഷ്ടം, ഗുരുതരമായി പൊള്ളലേറ്റു ഒരിറ്റു വെള്ളത്തിനായി കേഴുന്നവരെ ഇന്നും സങ്കൽപ്പിക്കാൻ പോലും ധൈര്യം വരില്ല. 4 ലക്ഷത്തിലധികം പേരാണ് മാരക രോഗങ്ങൾക്ക് കീഴടങ്ങി മരിച്ചത്. ഇന്നും അതിന്റെ ദുരിതം പേറി ജീവിക്കുന്ന അനേകർ ഉണ്ടെന്ന് ഉള്ളത് വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്.
ഹിരോഷിമയോടെ അമേരിക്കയുടെ പക അവസാനിക്കും എന്നു പ്രതീക്ഷിച്ചവർക്കു തെറ്റി. അവർ വെറുതേയിരിക്കാൻ തയ്യാറല്ലായിരുന്നു. ആഗസ്റ്റ് 9 നു ജപ്പാനിലെ നാഗസാക്കിയിൽ 4630 ടൺ സ്‌ഫോടക ശേഷിയുള്ള 'ഫാറ്റ് മാൻ' എന്ന പ്ലൂട്ടോണിയം ബോംബ് നിക്ഷേപിച്ചു കൊണ്ട് അമേരിക്ക ജപ്പാനെ വെണ്ണീറാക്കി. 1 ലക്ഷത്തോളം ആളുകൾ മരിച്ചപ്പോൾ രോഗങ്ങൾ ബാധിച്ചു മരണത്തോട് മല്ലിട്ട് അനേകർ ഇന്നും ജീവിതം തള്ളി നീക്കുന്നു എന്നത് വേദനിപ്പിക്കുന്ന സത്യമാണ്. ഹിബാക്കുഷുക്കൾ എന്നു പേരിട്ടു വിളിച്ചു, അവരെയോർത്തു സഹതപിച്ചു ലോകം ഇപ്പോഴും യുദ്ധങ്ങൾക്കു കോപ്പുകൂട്ടുന്നു.
ഐൻസ്റ്റീന്റെ E=mc^2 എന്ന ആപേക്ഷിക സിദ്ധാന്തത്തെ അടിസ്ഥനാമാക്കി അമേരിക്ക നിർമിച്ച അണുബോംബുകൾ ഇന്ന് പല രാജ്യങ്ങളുടെയും ആയുധശേഖരത്തിലെ ഒന്നാം സ്ഥാനക്കാരനാണ്. ശാസ്ത്ര പുരോഗതി എന്തിനു, എവിടെ, എങ്ങിനെ ഉപയോഗിക്കണം എന്നത് ഈ സാഹചര്യത്തിൽ ഒരു ചോദ്യചിന്ഹമായി മാറുകയാണ്. യുദ്ധത്തിന്റെ കയ്പുനീർ കുടിക്കുന്ന അനേകായിരങ്ങളെ കണ്ടിട്ടും ഇന്നും പോർവിളി നടത്തി മനുഷ്യത്വരഹിതമായി പ്രവർത്തിക്കുന്ന ലോക രാഷ്ട്രങ്ങളെ കാണുമ്പോൾ ഉള്ളിൽ ഭീതി തന്നെയാണ്. ഉക്രൈനും റഷ്യയും തമ്മിൽ ഇടയുന്നതിനും അമേരിക്കയും ചൈനയും അപ്രഖ്യാപിത ശത്രുക്കളായി ലോക സമാധാനത്തിനു വിലങ്ങുതടിയായി മാറുന്നതിനും ഒക്കെ മൂകസാക്ഷികളായിക്കൊണ്ടാണ് നാം ആഗസ്റ്റ് 6 നു വെള്ളരിപ്രാവുകളെ പറത്തുന്നത്.
രാഷ്ട്രീയത്തിനും വ്യക്തി ലാഭങ്ങൾക്കും മുകളിൽ മനുഷ്യത്വവും മാനവികതയും നന്മയും നിറയുന്ന ഒരു കാലത്തിൽ ഒത്തൊരുമിച്ച് സമാധാനത്തിന്റെ പക്ഷികളെ പറത്താൻ നമുക്കാകട്ടെ എന്ന അതിയായ ആഗ്രഹം മാത്രം!
Comments
Post a Comment