സെപ്റ്റംബർ എനിക്ക് എന്നും ഏറെ പ്രിയ്യപ്പെട്ട മാസമാണ്. എൻ്റെയും കണ്ണൻ്റെയും പിറന്നാൾ, മിക്കവാറും ഓണം, ഓണാഘോഷം, എല്ലാം കൊണ്ടും സെപ്റ്റംബർ എൻ്റെ സന്തോഷം ആയിരുന്നു.
കുട്ടിക്കാലത്തെ എൻ്റെ സെപ്റ്റംബർ ഒക്കെ കളർ ആക്കിയിരുന്ന ഒരാളുണ്ടായിരുന്നു. ആദ്യമേ ഓണക്കോടി തന്നും ഓണപ്പന്ത് തന്നും സ്കൂൾ അടയ്ക്കുന്നതിന് രണ്ടു ദിവസം മുന്നേ തന്നെ കളിക്കാൻ മുറ്റവും പറമ്പും ചെത്തി വൃത്തിയാക്കിയും ഞങ്ങൾക്ക് ഓണം തന്ന ആൾ.... അപ്പൂപ്പനെ പറ്റി പറയാൻ ഏറെയാണ്.... മങ്ങിയ എൻ്റെ ഓർമ്മയിൽ എനിക്ക് ഇപ്പോഴും കാണാം daycare il നിന്ന് അപ്പൂപ്പൻ്റെ തോളിലേറി വരുന്ന എന്നെ. വരുന്ന വഴിക്ക് ഉറപ്പായും ഒരു പഴംപൊരി കൂടി കിട്ടിയിട്ടുണ്ടാകും.
പിന്നെയും എത്ര വർഷങ്ങൾ, സ്കൂൾ വിട്ടു വരുന്ന ഞങ്ങൾക്ക് ഇഷ്ടമുള്ള മിഠായിയും പലഹാരങ്ങളും വാങ്ങി തരാൻ വഴിയരികിൽ കാത്തുനിന്ന ഒരാളും വേറെ ഉണ്ടായിട്ടില്ല.
ആദ്യമായി സമ്പാദ്യം തുടങ്ങാൻ പഠിപ്പിച്ചതും അതിന് സംഭാവന കിട്ടിയതും എല്ലാം അവിടെ നിന്ന് തന്നെയായിരുന്നു. നൂറ്റി രണ്ടാം വയസ്സിൽ അപ്പൂപ്പൻ ഞങ്ങളെ വിട്ടു പോകുമ്പോ, എനിക്ക് വേറൊന്നും തോന്നിയിരുന്നില്ല. എല്ലാവരും പറഞ്ഞ പോലെ കഷ്ടപ്പെടാതെ പോയല്ലോ, ഒരു ബുദ്ധിമുട്ടും അനുഭവിച്ചില്ലല്ലോ എന്നൊക്കെ തന്നെയേ ഞാനും കരുതിയുള്ളൂ. മരണം കഴിഞ്ഞു പതിനാറു നാൾ വരെ കുടുംബം മുഴുവൻ ഒന്നിച്ചായിരുന്നു. കോവിഡ് കാലത്തെ മടുപ്പും ലോക്ക്ഡൗൺ ഉണ്ടാക്കിയ ചടപ്പും ഒക്കെ മറന്ന് എല്ലാവരും ഒന്നിച്ചെത്തി. പാചകവും വാചകവും ചടങ്ങുകളും എല്ലാം മരണത്തിൻ്റെ നുറുങ്ങു വേദനയെ തുടച്ചു കളഞ്ഞിരുന്നു. അതെല്ലാം കഴിഞ്ഞു ആളും കൂട്ടവും എല്ലാം മടങ്ങി, ഞങ്ങൾ മാത്രമായി, ദിവസങ്ങൾ സാധാരണ പോലെയായി. അപ്പോൾ മുതൽക്കാവണം ആ ഒരാൾ ഇല്ലായ്മ ഞാൻ അറിഞ്ഞു തുടങ്ങിയതും. അന്ന് മുതൽ നഖം വെട്ടി തരാൻ എന്നെ വിളിക്കുന്ന, ചിരിയോടെ രഹസ്യം കേൾക്കാൻ വലത്തേ ചെവി നീട്ടിത്തരുന്ന, അച്ഛനെ പറ്റിയുള്ള പരാതി പറയുന്ന, ബീഡി വാങ്ങിത്തരാൻ ആരും അറിയാതെ കെഞ്ചുന്ന, പഴയ പ്ലാസ്റ്റിക് കവറിൽ മടക്കി സൂക്ഷിക്കുന്ന പുകയില മണമുള്ള പെൻഷൻ കാശ് മിഠായി വാങ്ങാൻ തരുന്ന ആ മനുഷ്യൻ്റെ അഭാവം ഞാൻ വല്ലാതെ അറിഞ്ഞു തുടങ്ങി. അപ്പൂപ്പനില്ലായ്മ എന്നെ ഇത്രയും നോവിക്കും എന്ന് ഞാൻ ചിന്തിച്ചിട്ടേയില്ല!
പണ്ട് അമ്പലത്തിൽ പോയിരുന്ന കാലത്ത് തൊഴുതു മടങ്ങി ഓടുന്നത് അപ്പൂപ്പന് കുറി തൊടിക്കാനായിരിക്കും. വീട്ടിൽ പായസം വച്ചാൽ ആറി തണുപ്പിച്ച ഒരു കപ്പ് പായസവുമായി ആദ്യം ഓടുന്നതും അവിടേക്ക് തന്നെ. മുഴുവനും കുടിപ്പിച്ച് അവിടന്ന് ഒരു ചിരി കൂടി കിട്ടിയാലേ തൃപ്തി ആകുമായിരുന്നുള്ളൂ...
ഇന്ന് സെപ്റ്റംബർ 28, അപ്പൂപ്പൻ പോയിട്ട് ആറു വർഷം.
ഇപ്പോൾ, എന്നു പായസം വച്ചാലും ഞാൻ അപ്പൂപ്പനെ ഓർക്കാറുണ്ട്, ഒരിക്കൽ കൂടി കാണാൻ പറ്റിയെങ്കിൽ എന്നോർത്തുപോകാറുണ്ട്. നഖം വെട്ടി കാലു വൃത്തിയാക്കാൻ ഒന്നുകൂടി എന്നെ വിളിച്ചെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. പണ്ട് ഇത് ചെയ്യാൻ മടിച്ചതോർത്ത് നോവാറുണ്ട്. ഓരോ സന്തോഷം വരുമ്പോഴും ഓരോ വിശേഷം വരുമ്പോഴും ഓരോ പ്രതിസന്ധികൾ വരുമ്പോഴും എല്ലാം ഇന്നും മനസ്സ് പറയും അപ്പൂപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന്!
ശരിയാണ്, ചിലർ അങ്ങനെയാണ് വിട്ടു പോയാലും പോകാതെ കൂടെ നിൽക്കും. ചിലവിട്ട നിമിഷങ്ങളിൽ ജീവിക്കും... ഓർമകളാൽ പുഞ്ചിരിപ്പിക്കും... ഇല്ലായ്മ കൊണ്ട് നോവിക്കും...
എനിക്കറിയാം, ഞാൻ മാത്രമല്ല ഞങ്ങളെല്ലാം - ഞാനും കാത്തുവും മാളുചേച്ചിയും അമ്മയും മാമിയും ബാക്കിയെല്ലാവരും - ഓരോ ഓർമകളിൽ ആളെ നിറച്ചു വച്ചിരിക്കുന്നവരാണ്... അപ്പൂപ്പനില്ലെന്ന നഷ്ടബോധത്തെ നുറുങ്ങ് വേദനയോടെ ഉൾക്കൊള്ളുന്നവരാണ്....
Truly, Really, We all miss you!🥹

❤🥺
ReplyDelete